16 Feb 2008

പ്രളയം


നമുക്കിടയില്‍ ‍

ഒരു പ്രളയമുണ്ടായി.

പാളം തകര്‍ന്നു.

നിരത്തും നടവഴികളും

ഒലിച്ചുപോയി.

മലയിടിഞ്ഞ്‌

കാഴ്ച മറഞ്ഞു.

നീയിക്കരക്കാരിയും

ഞാനക്കരക്കാരനുമായി.

നിന്റെ നീട്ടലുള്ള

ഭാഷയ്ക്ക്‌

എന്റെ കുറുകിയ

വാക്കുകള്‍

കേട്ടാല്‍ തിരിയാത്തതായി.

നിന്റെ രുചികള്‍

എന്റെ ദഹനക്കേടായി.

എന്നിട്ടും നമുക്കിടയിലിപ്പോഴും

ഒഴുക്കുകള്‍കൊണ്ടക്കരയേയു-

മിക്കരയേയും

കൂട്ടിയിണക്കുന്ന ജലം.

2 Feb 2008

ജന്മം

പുല്‍പ്പടര്‍പ്പിനുള്ളില്‍നിന്നൊ-
രിത്തിരിക്കിനാവുപോല്‍
വാനിലേക്കു കണ്‍തുറന്ന
ശ്യാമ സൗമ്യപുഷ്പമേ
നിന്നിലേക്കടര്‍ന്നുവീണ
മഞ്ഞുതുള്ളിയാണു ഞാന്‍.
വെയിലുവന്നുമെല്ലെയൊന്നു
മുത്തുകില്‍ മറഞ്ഞുപോം.

4 Jan 2008

ആള്‍വരകള്‍

വരകള്‍
അവരെയാരെയും
വരച്ചില്ല.
കീറക്കറ്റലാസിന്റെ
മണല്‍മുറ്റത്ത്‌
പെരുവിരലൂന്നി നിന്ന്
ഇറ്റതുകണ്ണുകൊണ്ടൊരിടത്തേയ്ക്കും
വലതുകണ്ണുകൊണ്ടൊരിടത്തേയ്ക്കും
നോക്കി.
ചിരിക്കയാണെന്നും
കരച്ചിലാണെന്നും
തോന്നി.ദൈവമോ
പിശാചോ ആയില്ല.
ഒരട്ടഹസത്തിലോ
അതിഭാഷണത്തിലോവെറും
ദുരാര്‍ത്തിയിലോ
അവസാനിച്ചു.
അതിസാധാരണതയാല്‍ പറഞ്ഞു
ഫലിപ്പിക്കാവുന്ന
കഥയായില്ല.
മണ്ണുമറഞ്ഞപ്പോള്‍
ഇലയില്‍ ഓര്‍മ്മയുടെ
എച്ചിലുപോലും
ബാക്കിവെച്ചില്ല.